ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'പാതിരാത്രി'യുടെ ഒഫീഷ്യൽ ട്രയിലർ എത്തി. ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് ട്രയിലർ. മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായി പുറത്തുവിട്ടതാണ് ഈ ട്രയിലർ. ചിത്രത്തിലുടനീളം സസ്പെൻസും, ദുരൂഹതയും കോർത്തിണക്കിയിട്ടുള്ള ഈ ചിത്രത്തിൻ്റെ ട്രയിലർ കുറഞ്ഞ സമയം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. അബ്ദുൾ നാസർ, ആഷിയാ നാസർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ ഒരു രാത്രിയിൽ നടക്കുന്നതാണ് ഈ ചിത്രത്തിൻ്റെ കഥ. രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കേസന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം .നവ്യാനായരും, സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്നും, ആൻ അഗസ്റ്റിനും നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.
ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ജയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.