അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ പെൺമക്കളുടെ കാൽ തല്ലിയൊടിക്കണം: ബി.ജെ.പി. മുൻ എം.പി. പ്രജ്ഞാ
അഹിന്ദുക്കളുടെ വീടുകളിൽ പോകുന്നത് തടയാൻ മാതാപിതാക്കൾ പെൺമക്കളോട് ആവശ്യപ്പെടണമെന്ന് പ്രജ്ഞാ

ഭോപ്പാൽ: ബി.ജെ.പി. മുൻ എം.പി. പ്രജ്ഞാ സിങ് ഠാക്കൂർ വിവാദ പരാമർശങ്ങളുമായി രംഗത്ത്. അഹിന്ദുക്കളുടെ വീടുകളിൽ പോകുന്നത് തടയാൻ മാതാപിതാക്കൾ പെൺമക്കളോട് ആവശ്യപ്പെടണമെന്നും ഈ നിർദേശം ലംഘിച്ചാൽ അവരുടെ കാലുകൾ തല്ലിയൊടിക്കാൻ മടിക്കരുതെന്നുമായിരുന്നു അവരുടെ പ്രസ്താവന. ഈ മാസം ആദ്യം ഭോപ്പാലിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
"നിങ്ങളുടെ മനസിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെൺമക്കൾ നമ്മളെ അനുസരിക്കാതിരിക്കുകയും അവർ അഹിന്ദുക്കളുടെ വീടുകളിൽ പോവുകയും ചെയ്താൽ, അവളുടെ കാൽ തല്ലിയൊടിക്കുന്നതിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യങ്ങളെ വിലമതിക്കാത്തവരെയും മാതാപിതാക്കൾ പറയുന്നത് അനുസരിക്കാത്തവരെയും തീർച്ചയായും ശിക്ഷിക്കണം."
"മക്കളെ അവരുടെ നന്മ മുൻനിർത്തി തല്ലേണ്ടി വന്നാൽ അതിൽനിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാൻ അവരെ വിട്ടുകൊടുക്കില്ല," അവർ കൂട്ടിച്ചേർത്തു.
മൂല്യങ്ങൾ പിന്തുടരാത്ത, മാതാപിതാക്കൾ പറയുന്നത് കേൾക്കാത്ത, മുതിർന്നവരെ ബഹുമാനിക്കാത്ത, വീട്ടിൽനിന്ന് ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും പ്രജ്ഞാ സിങ് ഠാക്കൂർ പറഞ്ഞു. "അവരെ വീട് വിടാൻ അനുവദിക്കരുത്. അടിച്ചോ, പറഞ്ഞു മനസ്സിലാക്കിയോ, സമാധാനിപ്പിച്ചോ, സ്നേഹിച്ചോ, ചീത്ത പറഞ്ഞോ അവരെ തടയണം," അവർ ആവശ്യപ്പെട്ടു.
What's Your Reaction?






