ആർത്തവവിരാമത്തെ നേരിടാൻ 40 വയസ് കഴിഞ്ഞ സ്ത്രീകൾ ചെയ്യേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ
ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളുടെ അസ്ഥികളും പേശികളും ദുർബലമാകാൻ സാധ്യതയുണ്ട്

ഒരു സ്ത്രീ ആർത്തവവിരാമം എന്ന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ശരീരത്തിലെ ഹോർമോണുകളിൽ വലിയ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു. ഇത് ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾക്ക് കാരണമാകും. ഈ നിർണായക മാറ്റത്തെ കൈകാര്യം ചെയ്യുന്നതിന് സ്ത്രീകൾ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്ന് ഒഹായോയിൽ നിന്നുള്ള ഫിസിക്കൽ തെറാപ്പിസ്റ്റ് ആയ ഡോ. വെൻഡി ചോർണി ഓർമ്മിപ്പിക്കുന്നു.
40കളിലേക്ക് കടക്കുന്ന എല്ലാ സ്ത്രീകളും ദിനചര്യകളിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്: ഭാരം ഉയർത്തുന്നത് ദിനചര്യയാക്കുക. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളുടെ അസ്ഥികളും പേശികളും ദുർബലമാകാൻ സാധ്യതയുണ്ട്. അതിനാൽ, ഇന്നു മുതൽ ഭാരം ഉയർത്തുന്ന വ്യായാമങ്ങൾ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കണം. ഇത് എല്ലുകളുടെയും പേശികളുടെയും ബലം വർധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാനും സഹായിക്കും.
സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുക. ഈ ഘട്ടത്തിൽ ആർത്രൈറ്റിസ് (സന്ധിവാതം) വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ സന്ധികളുടെ ആരോഗ്യം നേരത്തെ മുതൽ ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ട്. സന്ധികൾക്ക് ആയാസം കുറഞ്ഞ വ്യായാമങ്ങൾ ശീലമാക്കുക.
ദിവസവും നടക്കുക. ആർത്തവവിരാമം അടുത്ത സ്ത്രീകളും ഇത് സംഭവിച്ച സ്ത്രീകളും ദിവസവും കുറഞ്ഞത് 10,000 മുതൽ 12,000 വരെ ചുവടുകൾ നടക്കാൻ ശ്രമിക്കണം. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉത്തമമാണ്.
പോഷകാഹാരത്തിന് പ്രാധാന്യം നൽകുക: ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പ്രോട്ടീനും നാരുകളും (Fiber) അടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുക. ആവശ്യമെങ്കിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ കഴിക്കാം.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ വേണ്ടത്ര വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.
വിശ്രമവും ഉറക്കവും: മാനസികസമ്മർദ്ദവും തിരക്കും വർധിച്ച ഇന്നത്തെ സാഹചര്യത്തിൽ വിശ്രമത്തിന് പ്രാധാന്യം നൽകുന്നത് നിർണ്ണായകമാണ്. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് കൃത്യമായ ഉറക്ക ദിനചര്യ പിന്തുടരേണ്ടത് അത്യാവശ്യമാണ്.
What's Your Reaction?






