ഹൃദയത്തിന് കൂട്ടായി മത്തങ്ങ വിത്തുകൾ: കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സിങ്ക് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ കൊളസ്‌ട്രോൾ നിലനിർത്തുന്നതിനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും
സിങ്കും ഉൾപ്പെടെ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ മത്തങ്ങ വിത്തുകൾ (Pumpkin Seeds) ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ മികച്ച പങ്കുവഹിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ് ഈ വിത്തുകൾ.
മത്തങ്ങ വിത്തുകളുടെ ആരോഗ്യഗുണങ്ങൾ: ഇതിൽ അടങ്ങിയ മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കുന്നു. സിങ്ക് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ കൊളസ്‌ട്രോൾ നിലനിർത്തുന്നതിനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
ആന്റിഓക്‌സിഡൻ്റുകളും ആരോഗ്യകരമായ കൊഴുപ്പും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെ രക്തക്കുഴലുകൾ തകരാറിലാകുന്നത് തടയാൻ സഹായിക്കുന്നു. ഇതിലെ പ്രോട്ടീൻ, നാരുകൾ, കൊഴുപ്പ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും അതുവഴി ഹൃദയത്തിന് ഉണ്ടാകുന്ന ആയാസം കുറയ്ക്കുകയും ചെയ്യുന്നു.
മാഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേൺ, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ ഈ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. പോഷകഗുണങ്ങൾ ധാരാളം ഉണ്ടെങ്കിലും, മത്തങ്ങ വിത്തുകൾ കഴിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവ ഒഴിവാക്കണം:
മത്തങ്ങ വിത്തുകൾക്ക് കലോറി കൂടുതലാണ്. ഇവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. ഭക്ഷണത്തിൽ സോഡിയത്തിന്റെ അളവ് കൂടുതലായി സ്വീകരിക്കുന്നവർ മത്തങ്ങ വിത്തുകൾ ഒഴിവാക്കണം.
ദഹനപ്രശ്നങ്ങളോ വയറുവേദനയോ ഉള്ളവർ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
നട്‌സുകളോടും മറ്റ് വിത്തുകളോടും അലർജിയുള്ളവർ മത്തങ്ങ വിത്തുകൾ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
കുറഞ്ഞ രക്തസമ്മർദ്ദം ഉള്ളവരിലും രക്തം കട്ടിയാകാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരിലും മത്തങ്ങ വിത്തുകൾ വിപരീതഫലം ഉണ്ടാക്കിയേക്കാം. അതിനാൽ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമാണ്.
What's Your Reaction?

