ഈ ലക്ഷണങ്ങളെ വാര്‍ധക്യ ലക്ഷണമായി തെറ്റിദ്ധരിക്കരുത് !

ബ്രെയിന്‍ ഫോഗ് അനുഭവപ്പെടുമ്പോള്‍ ആളുകള്‍ക്ക് മാനസികമായ ആശയക്കുഴപ്പം, വിവരങ്ങള്‍ ഓര്‍ത്തുവെക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം

Aug 24, 2025 - 21:11
Aug 24, 2025 - 21:11
 0
ഈ ലക്ഷണങ്ങളെ വാര്‍ധക്യ ലക്ഷണമായി തെറ്റിദ്ധരിക്കരുത് !

പ്രായം കൂടുന്തോറും പ്രതിരോധശേഷി ദുര്‍ബലമാകുന്നതിനും രോഗങ്ങള്‍ ബാധിക്കാനുമുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ചില ലക്ഷണങ്ങളെ വാര്‍ധക്യ ലക്ഷണമായി തെറ്റിദ്ധരിക്കരുതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 45 വയസിന് ശേഷം അവഗണിക്കുന്നതും എന്നാല്‍ അടിയന്തര ശ്രദ്ധ ആവശ്യവുമായ ചില സൂചനകളും ലക്ഷണങ്ങളുമുണ്ട്. ഇവ തിരിച്ചറിയുന്നത് ആരോഗ്യ സങ്കീര്‍ണതകള്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കും. 

ബ്രെയിന്‍ ഫോഗ് അനുഭവപ്പെടുമ്പോള്‍ ആളുകള്‍ക്ക് മാനസികമായ ആശയക്കുഴപ്പം, വിവരങ്ങള്‍ ഓര്‍ത്തുവെക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. മങ്ങിയ കാഴ്ചയോടൊപ്പം ക്ഷീണവും ദൂരെയോ രാത്രിയിലോ കാണാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. 45 വയസിനു മുകളിലുള്ളവരില്‍ ആന്തരികാവയവങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രമേഹം, ഡിമെന്‍ഷ്യ, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 

40 ഇഞ്ചില്‍ കൂടുതല്‍ അരവണ്ണമുള്ള പുരുഷന്മാര്‍ക്കും 35 ഇഞ്ചില്‍ കൂടുതല്‍ അരവണ്ണമുള്ള സ്ത്രീകള്‍ക്കും ആരോഗ്യപരമായ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനെ സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. 45 വയസിന് ശേഷം ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, സമ്മര്‍ദം എന്നിവയുടെ ഫലമായി ഉറക്കപ്രശ്‌നങ്ങള്‍ ഉണ്ടാകാം. 

ഉറങ്ങാന്‍ ബുദ്ധിമുട്ടുക, ഉറക്കം നിലനിര്‍ത്താന്‍ കഴിയാതിരിക്കുക, ഇടയ്ക്കിടെ ഉണരുക, പകല്‍സമയത്തെ അമിത ഉറക്കം തുടങ്ങിയവ ഗൗരവകരമായ പ്രശ്‌നങ്ങളുടെ സൂചനയാകാം. ഉറക്കവുമായി ബന്ധപ്പെട്ട് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാനസികാരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും പ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow