കണ്ണിന് താഴെയുള്ള കറുപ്പ് വെറും ഉറക്കക്കുറവല്ല; അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ
ശരീരത്തിൽ ഇരുമ്പ്, വിറ്റാമിൻ ഡി, കെ, ഇ, ബി എന്നിവയുടെ കുറവ് മൂലം കണ്ണിന് ചുറ്റും കറുത്ത പാടുകൾ വരാം
കണ്ണിന് താഴെ കാണുന്ന കറുത്ത പാടുകൾ കേവലം ഉറക്കക്കുറവ് കൊണ്ടാണെന്ന ധാരണ തെറ്റാണെന്നും അത് പല ആരോഗ്യപ്രശ്നങ്ങളുടെയും മുന്നറിയിപ്പാകാമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും ഈ കറുപ്പ് മാറുന്നില്ലെങ്കിൽ കൃത്യമായ വൈദ്യപരിശോധന ആവശ്യമാണെന്ന് ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിൽ ഇരുമ്പ്, വിറ്റാമിൻ ഡി, കെ, ഇ, ബി എന്നിവയുടെ കുറവ് മൂലം കണ്ണിന് ചുറ്റും കറുത്ത പാടുകൾ വരാം. കൂടാതെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും മറ്റൊരു കാരണമാണ്. തൈറോയ്ഡ്, വൃക്ക സംബന്ധമായ അസുഖങ്ങളുടെ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണിത്. അലർജി, നിർജ്ജലീകരണം , അറ്റോപിക് ഡെർമറ്റൈറ്റിസ് എന്നിവയും കറുപ്പ് നിറത്തിന് കാരണമാകുന്നു.
കുഴിഞ്ഞ കണ്ണുള്ളവരിലും വരണ്ട ചർമ്മമുള്ളവരിലും സ്വാഭാവികമായും പാടുകൾ കണ്ടുവരാറുണ്ട്. ചില മരുന്നുകളോടുള്ള അലർജിയും ഇതിന് കാരണമാകാം. ഭക്ഷണത്തിൽ മഗ്നീഷ്യം ധാരാളമായി ഉൾപ്പെടുത്തുന്നത് കണ്ണിന് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും. ബദാം, പിസ്ത, ചീര, അവോക്കാഡോ എന്നിവ ഇതിനായി ശീലമാക്കാം.
കൃത്യമായ ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ, ശരിയായ അളവിൽ വെള്ളം കുടിക്കൽ എന്നിവ അത്യാവശ്യമാണ്. വിപണിയിൽ ലഭിക്കുന്ന ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നതിന് പകരം, യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. കണ്ണിന് ചുറ്റും മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. ശരിയായ പോഷകാഹാരവും ശ്രദ്ധയും നൽകിയാൽ ഒരു പരിധി വരെ കണ്ണിന് താഴെയുള്ള കറുപ്പ് കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
What's Your Reaction?

