മധ്യപ്രദേശിൽ മലിനജലം കുടിച്ച് വൻ ദുരന്തം; ഏഴ് മരണം, നൂറോളം പേർ ചികിത്സയിൽ
സംഭവത്തിൽ നൂറോളം പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
ഇന്ദോർ: മധ്യപ്രദേശിലെ ഭഗീരഥപുരയിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നുണ്ടായ ദുരന്തത്തിൽ ഏഴുപേർ മരിച്ചു. ബുധനാഴ്ച ഇന്ദോർ മേയറാണ് മരണവിവരം സ്ഥിരീകരിച്ചത്. സംഭവത്തിൽ നൂറോളം പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഡയേറിയ ബാധിച്ചാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. നന്ദലാൽ പാൽ(70), ഊർമ്മിള യാദവ് (60), താര(65) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കും.
സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് 2,703 വീടുകളിൽ പരിശോധന നടത്തി. ഏകദേശം 12,000 പേരെ സ്ക്രീനിംഗിന് വിധേയമാക്കിയതിൽ 1,146 പേർക്ക് നേരിയ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകി. ഗുരുതരാവസ്ഥയിലുള്ള 111 പേർ ആശുപത്രികളിൽ തുടരുകയാണ്.
ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. ഈ പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്‌ലറ്റ് നിർമ്മിച്ചിരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്നാണോ മലിനജലം കലർന്നതെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചു.
ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ദോർ മേയറും മുനിസിപ്പൽ കമ്മീഷണർ ദിലീപ് കുമാർ യാദവും അറിയിച്ചു. പ്രദേശത്ത് മെഡിക്കൽ സംഘങ്ങളെയും ആംബുലൻസുകളെയും സജ്ജമാക്കിയിട്ടുണ്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും രോഗം കൂടുതൽ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
What's Your Reaction?

