ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല. തമിഴ്നാട് രാമേശ്വരത്താണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. പ്രതി മുനിരാജിനെ പോലിസ് അറസ്റ്റ് ചെയ്തു.
രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിർത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ശാലിനി സ്‌കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശവാസിയായ മുനിരാജ്, ശാലിനിയോട് നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ശാലിനിയുടെ അച്ഛൻ ഇന്നലെ മുനിരാജിനെ താക്കീത് ചെയ്തിരുന്നു. അതിന്റെ പകയിൽ ആണ് അരുംകൊലയെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.