കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക

ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്

Nov 19, 2025 - 14:37
Nov 19, 2025 - 14:37
 0
കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക

ബെംഗളൂരു: അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടകർക്ക് കർണാടക സർക്കാർ അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുകയോ നീന്തുകയോ ചെയ്യുമ്പോൾ നോസ് ക്ലിപ്പ് (മൂക്കടപ്പ്) ഉപയോഗിക്കണം. ഇത് ലഭ്യമല്ലെങ്കിൽ മൂക്ക് അടച്ചുപിടിക്കണം. മലിനമായ ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. മൂക്കിലൂടെ നേഗ്ലെറിയ ഫൗലേറി എന്ന അമീബ തലച്ചോറിലേക്ക് പ്രവേശിച്ചാൽ, അത് ഗുരുതരവും മാരകവുമായ രോഗത്തിന് കാരണമാകും.

ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങളായ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.

മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണ്ണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. ഇത് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന രോഗത്തിന് കാരണമാകുന്നു. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow