സ്വർണ ‘തീ’വില; കേരളത്തിൽ ഇത്രയധികം വില ഒറ്റദിവസം കൂടുന്നത് ചരിത്രത്തിലാദ്യം, എന്താണ് പൊന്നിന് സംഭവിച്ചത്?

Apr 10, 2025 - 19:17
Apr 10, 2025 - 19:17
 0  16
സ്വർണ ‘തീ’വില; കേരളത്തിൽ ഇത്രയധികം വില ഒറ്റദിവസം കൂടുന്നത് ചരിത്രത്തിലാദ്യം, എന്താണ് പൊന്നിന് സംഭവിച്ചത്?

തിരുവനന്തപുരം: സ്വർണവില വീണ്ടും കത്തിക്കയറുന്നു. കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്ന് വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും സർവകാല റെക്കോർഡാണ്.

സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമധികമാണെന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുക. ഇക്കഴി‍ഞ്ഞ ഏപ്രിൽ 3നും സ്വർണവില ഇതേ ഉയരത്തിൽ എത്തിയിരുന്നു. 

രാജ്യാന്തര വിപണിയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു മുതൽ രണ്ടരരൂപ വരെയാണ് വർധിക്കാറ്. മാത്രമല്ല, യുഎസ് ഡോളറിനെതിരെ രൂപയുടെ തളർച്ചയും സ്വർണവില വർധനയുടെ ആക്കംകൂട്ടും. ഇന്നലെയും ഡോളറിനെതിരെ രൂപ 40 പൈസയിലധികം ഇടിഞ്ഞിരുന്നു. രൂപ ദുർബലമായാൽ, സ്വർണം ഇറക്കുമതിച്ചെലവ് കൂടും. ഇതാണ് വിലവർധനയിൽ പ്രതിഫലിക്കുക.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 8) പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. അതായത്, രണ്ടുദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെയും ഗ്രാമിന് 335 രൂപയുടെയും വർധന. 18 കാരറ്റ് സ്വർണവിലയും ഇന്നു കുതിച്ചുകയറി റെക്കോർഡിലെത്തി.

സ്വർണവില ഇനിയെന്ന് കുറയും?

യുഎസിന്റെ പണപ്പെരുപ്പ കണക്കിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ട്രംപിന്റെ ചുങ്ക നിലപാടുമൂലം യുഎസിൽ പണപ്പെരുപ്പം കൂടിയേക്കാമെന്ന വിലയിരുത്തൽ ശക്തമാണ്. പണപ്പെരുപ്പം വീണ്ടും ഉയർച്ചയുടെ ട്രാക്കിലാണെങ്കിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന ട്രെൻഡിൽ നിന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പിന്മാറും. അതു ഡോളറിനും ബോണ്ടിനും കരുത്താകും. ഇവ കരുത്താർജ്ജിച്ചാൽ സ്വർണവില താഴേക്കിറങ്ങിയേക്കാം.

എന്നാൽ, ആഗോള വ്യാപാരയുദ്ധം കൂടുതൽ കലുഷിതമാവുകയും ഓഹരി, കടപ്പത്ര വിപണികൾ തളരുകയും ചെയ്താൽ സ്വർണത്തിന്റെ ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപ’ (safe-haven demand) പെരുമ കൂടുതൽ മെച്ചപ്പെടും. ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ ചുവടുമാറ്റും. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ ഡോളറിനെ കൈവിട്ട് വിദേശനാണയ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കും. ഇതെല്ലാം, വില കൂടുതൽ ഉയരാനേ വഴിവയ്ക്കൂ. 

What's Your Reaction?

like

dislike

love

funny

angry

sad

wow