തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രഞ്ജിത പുളിക്കല്‍ അറസ്റ്റിൽ. മഹിളാ കോൺഗ്രസ് പത്തനംതിട്ടജില്ലാ സെക്രട്ടറിയാണ് രഞ്ജിത. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാം അതിജീവിതക്കെതിരായ അധിക്ഷേപവും ഐഡന്റിറ്റി വെളിപ്പെടുത്തിയതിലുമാണ് അറസ്റ്റ്.
കേസെടുത്തതിന് പിന്നാലെ രഞ്ജിത പുളിക്കല്‍ ഒളിവിലായിരുന്നു. കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സൈബർ പോലീസാണ് കോട്ടയത്തു നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ ഇവർ പോസ്റ്റിട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസിനെ സമീപിച്ചതിന് പിന്നാലെ അതിജീവിതയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തി രഞ്ജിത പുളിക്കല്‍ രംഗത്തെത്തിയിരുന്നു.
ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പോലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. രാഹുലിനെതിരേ ആദ്യ പരാതി വന്നപ്പോഴും രഞ്ജിത അതിജീവിതയെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കു വച്ചിരുന്നു.