തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്.സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ കാലത്ത് ഉമ്മൻചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല.
ശബരിമലയിൽ സ്ഥിതി ഭയാനകം എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പറയുന്നു. സീസൺ തയ്യാറെടുപ്പ് നടത്താൻ എന്തായിരുന്നു തടസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാകുകയാണ് ചെയ്തത്.
കുടിവെള്ളമോ ടോയ്ലെറ്റ് സംവിധാനമോ ഇല്ലായിരുന്നു. പമ്പ മലിനമായി എന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നാണ് നിലവിലെ ദേവസ്വം പ്രസിഡണ്ട് കെ ജയകുമാർ പറഞ്ഞത്. ശബരിമലയിലേക്ക് എത്താൻ കഴിയാതെ പന്തളത്ത് പോയി മാല ഊരി തിരിച്ചുപോയവർ നിരവധിയാണ്. ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.