തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശിക മാര്‍ച്ച് മാസത്തിനകം തീര്‍ക്കും. ഡി എ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്നും ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം.
മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷനു പകരം അഷ്വേർഡ് പെൻഷൻ പ്രഖ്യാപിച്ചു. അഷ്വേര്‍ഡ് പെൻഷൻ പദ്ധതി ഏപ്രില്‍ മുതല്‍ നടപ്പിലാക്കും. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാനുള്ള അവസരമുണ്ടാകും. എന്നാൽ എൻപിഎസിൽ തുടരേണ്ടവർക്ക് അതിൽ തുടരാം.
അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും ഡി ആർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവക്കാരുടെയും സർക്കാരിന്‍റേയും വിഹിതം വെവ്വേറെ ഫണ്ടായി കൈകാര്യം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50% ഉറപ്പാക്കാനും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും.