കോഴിക്കോട്: കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ലെന്ന് കെ മുരളീധരന്‍. അധികാരത്തിൽ എങ്ങനെയെങ്കിലും തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്നും അദ്ദേഹം ചോദിച്ചു. ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമുണ്ടാകും. അങ്ങിനെ എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത്.
ഇപ്പോള്‍ എല്ലായിടത്തും വര്‍ക്കിങ് പ്രസിഡന്റ് അല്ലേയെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിലെ വര്‍ക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചോദ്യത്തിന് മുരളീധരന്റെ മറുപടി. അതേ സമയം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെചൊല്ലി തർക്കം മുറുകുകയാണ്.
പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്ത ജനീഷും അബിൻ വർക്കിയും യോഗ‍്യരായ ആളുകളെന്നും മുരളീധരൻ പറഞ്ഞു. എല്ലാ നേതാക്കന്മാരോടും ആലോചിച്ചാണ് തീരുമാനം എടുത്തത്. അതുകൊണ്ട് വിവാദം ഉണ്ടാക്കേണ്ട കാര്യം ഇല്ല.
'യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കും. ജനാധിപത്യ പാര്‍ട്ടി ആയത് കൊണ്ട് അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകും. എല്ലാ നേതാക്കന്മാരുമായി ആലോചിച്ചിട്ടാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തതെന്നും മുരളീധരൻ പറഞ്ഞു.