കെയ്‌റോ: ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാനായി ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗാസാ സമാധാന കരാർ ഒപ്പുവെച്ചു. ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവൻമാർ സമാധാന കരാറിൽ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. ഇതോടെ രണ്ടു വർഷ നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമായി. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഹമാസ് കൈമാറി.
എന്നാൽ ഇസ്രയേൽ, ഹമാസ് നേതാക്കൾ കരാറിൽ ഒപ്പുവെച്ചില്ല. ഗാസയിലെ സമാധാനത്തിനായി 20 ഇന സമാധാന പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഇത് ഇസ്രയേലും ഹമാസും അംഗീകരിക്കുകയായിരുന്നു.
അതേസമയം ബന്ദിമോചന കരാര്‍ പ്രകാരം ഇസ്രയേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് റിപ്പോര്‍ട്ട്. ഈജിപ്തടക്കമുള്ള രാജ്യങ്ങളിലേക്കാണ് നാടുകടത്തുന്നത്. ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചനകരാറിലുള്ള ഇരട്ട നിലപാടാണെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സ്വാതന്ത്ര്യം കയ്‌പ്പേറിയതാണെന്നും പലസ്തീന്‍ തടവുകാരുടെ കുടുംബം പ്രതികരിച്ചു.