കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു
കൊല്ലം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് കൃത്യം നടത്തിയതെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും പരിചയത്തിലായിട്ട് ഒരു വർഷം കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ റീലുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്.
ജോൺസൺ വിവാഹിതനാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ്. ഭാര്യയും കുട്ടികളുമുണ്ടെങ്കിലും വേര്‍പെട്ട് കൊച്ചിയില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാളുടെ സ്വദേശം കൊല്ലം നീണ്ടകരയാണ്.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോണ്‍സണ്‍ യുവതിയുടെ പക്കല്‍ നിന്നും വാങ്ങിയെന്നതിനും തെളിവുകൾ ലഭിച്ചു. ഇതിനു മുൻപും ഒരു ലക്ഷം രൂപവരെ ഇയാൾ ആതിരയിൽ നിന്നും വാങ്ങിയിട്ടുണ്ട്. മാത്രമല്ല നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു.
സംഭവം നടന്ന ദിവസം രാവിലെ 9 മണിയോടെ ഇയാൾ ആതിരയുടെ വീട്ടിൽ എത്തിയെന്നും തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് വിവരം. പ്രതിയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
What's Your Reaction?






