തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ നിര്‍ണായക മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.
ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് ശബരിമല സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണിക്കായി അനുമതി നല്‍കിയതെന്ന് തന്ത്രിമാര്‍ മൊഴി നൽകി. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നൽകിയിട്ടുണ്ട്. മാത്രമല്ല കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയുമായിരുന്നെന്ന് ഇരുവരും മൊഴി നൽകി.
സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് അനുമതി നൽകിയത്. നടപടിക്രമങ്ങൾ പാലിച്ചായിരുന്നു അനുവാദം നൽകിയത്. കൂടാതെ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നും കണ്ഠരര് രാജീവര് മൊഴി നൽകി. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്‍റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. വാജിവാഹനം കൈവശം വെയ്ക്കാൻ തന്ത്രി കുടുംബത്തിന് അവകാശമുണ്ടെന്നും വാജിവാഹനം സുരക്ഷിതമാണെന്നും അത് തിരിച്ചുനൽകാൻ തയ്യാറാണെന്നും തന്ത്രി രാജീവര് മൊഴി നൽകി.
ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം.