വയനാട് കണിയാമ്പറ്റയിൽ കടുവ ഭീഷണി തുടരുന്നു; ഡ്രോൺ നിരീക്ഷണം; 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കടുവയെ കണ്ടെത്താനായി തെർമൽ ഡ്രോണുകളും കാമറ ട്രാപ്പുകളും ഒരുക്കിയിട്ടുണ്ട്
കൽപറ്റ: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. കടുവയെ കണ്ടെത്താനായി തെർമൽ ഡ്രോണുകളും കാമറ ട്രാപ്പുകളും ഒരുക്കിയിട്ടുണ്ട്.
കടുവയുടെ സാന്നിധ്യം കാരണം പ്രദേശത്ത് നിരോധനാജ്ഞ (സെക്ഷൻ 144) പുറപ്പെടുവിച്ചു. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ചു വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ഇവിടെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് കടുവയെ കണ്ടെത്തി വനത്തിലേക്ക് തുരത്താനാണ് വനംവകുപ്പിൻ്റെ പ്രധാന ശ്രമം. കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനുമുള്ള ഉത്തരവ് വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതായാൽ മാത്രം കടുവയെ മയക്കുവെടി വെക്കാനാണ് തീരുമാനം.
ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള ആൺകടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കടുവയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും അത് ജനവാസ മേഖലയിലേക്ക് തന്നെ ഓടിപ്പോവുകയായിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
What's Your Reaction?

