സി.പി.ഐ.യിലെ നേതാക്കൾ സഹോദരങ്ങളെപ്പോലെ, പ്രശ്നങ്ങള്‍ പരിഹരിച്ചതായി എം.എ. ബേബി

ധാരണാപത്രം ഒപ്പുവെച്ച വിഷയം പരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്

Oct 31, 2025 - 13:02
Oct 31, 2025 - 13:03
 0
സി.പി.ഐ.യിലെ നേതാക്കൾ സഹോദരങ്ങളെപ്പോലെ, പ്രശ്നങ്ങള്‍ പരിഹരിച്ചതായി എം.എ. ബേബി

ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. ഈ വിഷയത്തിൽ ഓരോരുത്തരുടെയും പങ്കാളിത്തവും ജാഗ്രതക്കുറവും 'സെൻ്റീമീറ്റർ കണക്കിന് അളന്നുനോക്കാനില്ല' എന്നും അദ്ദേഹം പറഞ്ഞു.

ധാരണാപത്രം ഒപ്പുവെച്ച വിഷയം പരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്.
ഉപസമിതിയുടെ ജോലികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ പി.എം. ശ്രീയുമായി ബന്ധപ്പെട്ട് യാതൊരു അനന്തര നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് നിലവിലെ ധാരണ.

കരാറിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ യോഗം ചേരുന്നതോടെ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ സി.പി.എം., സി.പി.ഐ. നേതൃത്വങ്ങൾ അംഗീകരിച്ചതായും ഇടതുമുന്നണിയും ഇത് അംഗീകരിച്ചതായും എം.എ. ബേബി പറഞ്ഞു.

സി.പി.ഐ.യിലെ നേതാക്കൾ തൻ്റെ സഹോദരങ്ങളെപ്പോലെയാണ്. പ്രത്യേക സാഹചര്യത്തിൽ സംസാരിക്കുന്നതിനിടയിൽ ചില വാചകങ്ങൾ വായിൽനിന്ന് വീണുപോയിട്ടുണ്ടാകാം. അതിൻ്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ അവർക്കും തനിക്കും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എം. ശ്രീ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവനകൾക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന് ബേബി പറഞ്ഞു. വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം "വീണുകിട്ടിയ സൗഭാഗ്യങ്ങളാണ്." ഡൽഹിയിൽ അദ്ദേഹത്തെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ഹൈക്കമാൻഡ് വിളിച്ചുവരുത്തി ചില കാര്യങ്ങൾ പറഞ്ഞുവെന്ന കാര്യം മാധ്യമങ്ങൾ അറിഞ്ഞതല്ലേയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow