കപ്പൽ തീപിടിത്തം: കണ്ടെയ്‌നറുകളിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകൾ ഉണ്ടെന്ന് റിപ്പോർട്ട്

അപകട സമയത്ത് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്

Jun 9, 2025 - 14:38
Jun 9, 2025 - 14:38
 0  12
കപ്പൽ തീപിടിത്തം: കണ്ടെയ്‌നറുകളിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകൾ ഉണ്ടെന്ന് റിപ്പോർട്ട്
കോഴിക്കോട്: അറബിക്കടലിൽ തീപിടിച്ച കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കപ്പലിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകൾ അപകടം നടന്ന ഇടത്തേക്ക് പുറപ്പെട്ടു. 
 
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഐഎൻഎസ് സൂറത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ് 503 യാണ് തീപിടിച്ചത്. കപ്പലിൽ 22 പേരുള്ളതായാണ് ആദ്യ വിവരം.  ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്.
 
അതെ സമയം നാലു പേരെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മാത്രമല്ല കപ്പലിൽ നിന്നും 20 കൺടെയ്നറുകൾ കടലിൽ വീണു. പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. കപ്പിത്താനും മൂന്ന് എഞ്ചിനീയർമാരും ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. കപ്പലിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്. 
 
കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടത്തിൽ പെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത് ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലത്തിലാണ്.  കൊളംബോയിൽ നിന്ന് മദർ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു. 
 
അപകട സമയത്ത് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടം. അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow