ഇടുക്കി ജില്ലയിലെ എല്ലാ ഓഫ്-റോഡ് ജീപ്പ് സഫാരി നിരോധിച്ചു
നിരോധനം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു

പൈനാവ്: ഇടുക്കി ജില്ലയിലെ എല്ലാ ഓഫ്-റോഡ് ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചു. നിരോധനം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. എന്നാല്‍, ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ള ഓഫ്-റോഡ് സര്‍വീസുകള്‍ക്കും മറ്റ് സാധാരണ ജീപ്പ് സര്‍വീസുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കില്ല.
വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയില്‍ സഞ്ചാരികളെ കൊണ്ടുപോകുന്ന, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന പൂര്‍ത്തിയാക്കിയ ജീപ്പുകളെയും വിലക്ക് ബാധിക്കില്ല. സുരക്ഷിതമല്ലാത്ത ജീപ്പ് സഫാരി അപകടങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
വിഷയം പരിശോധിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും വിവിധ വകുപ്പുതല ഏകോപന സമിതിയെ നിയോഗിക്കുകയും ഈ മാസം 10-നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
What's Your Reaction?






