കണ്ണൂർ: ജയിൽ ചാടിയ ഗോവിന്ദചാമിയെ പിടികൂടി. കണ്ണൂരിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 4 മണിക്കും 6 മണിക്കുമിടയിലാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. വ്യാപക തെരച്ചിലൊടുവിലാണ് കൊടുംകുറ്റവാളി ഇപ്പോൾ പിടിയിലായിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലില്‍ നിന്നും നാല് കിലോമീറ്റർ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ പിടിയിലായത്. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ദൃക്‌സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പോലീസ് വളഞ്ഞിരുന്നു. തുടർന്ന് പോലീസിൽ നിന്ന് രക്ഷപ്പെടുന്നതിനായി കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ പോലീസ് ഇയാളെ പിടികൂടി. ഡി ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.