വീടിന്‍റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ ഇടിമിന്നലേറ്റു; കോഴിക്കോട് യുവതിയ്ക്ക് ദാരുണാന്ത്യം
മലയോര മേഖലയിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്

കോഴിക്കോട്: ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇവർക്ക് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മലയോര മേഖലയിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്.
പുതുപ്പാടി, കണ്ണപ്പൻകുണ്ട്, കോടഞ്ചേരി, അടിവാരം മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് പുതുപ്പാടി മണൽ വയൽ പാലത്തിന് മുകളിൽ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമായി തുടരുന്നു. മലയോരമേഖലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ അതിശക്തമായ മഴയ്ക്ക് സാധ്യത തുടരുകയാണ്. ഇന്ന് (ഒക്ടോബർ 18) ഓറഞ്ച് അലർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
നാളെ (ഒക്ടോബർ 19) വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?






