നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് യുവതിയുടെ കൈയ്ക്ക് പരിക്കേറ്റു
നൗഫിയയുടെ ഇടതുകൈയിലും മുതുകിലുമാണ് കോൺക്രീറ്റ് പാളികൾ പതിച്ചത്

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ താമസിക്കുന്ന നൗഫിയ നൗഷാദിനാണ് (21) പരിക്കേറ്റത്. നടുവേദനയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ മുത്തച്ഛൻ ബി. ഫസലുദ്ദീനൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു നൗഫിയ.
ഫസലുദ്ദീനെ പിഎംആർ (ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. നൗഫിയയുടെ ഇടതുകൈയിലും മുതുകിലുമാണ് കോൺക്രീറ്റ് പാളികൾ പതിച്ചത്.
പരിക്കേറ്റതിനെ തുടർന്ന് നൗഫിയയുടെ കൈയിൽ എക്സ്-റേ പരിശോധന നടത്തിയെങ്കിലും മറ്റ് ഗുരുതര പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. അപകടത്തിന് പിന്നാലെ പിഎംആർ ഒപി ഇവിടെ നിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി. അതേസമയം, ജില്ലാ ആശുപത്രിയിലെ എക്സ്-റേ മെഷീൻ പ്രവർത്തിക്കാത്തതിനാൽ പുറത്തുനിന്നാണ് എക്സ്-റേ എടുത്തതെന്ന് നൗഫിയ പറഞ്ഞു. ഇതിനുള്ള 700 രൂപ ആശുപത്രിയിൽ നിന്ന് തിരികെ നൽകി.
മരുന്നുകളും പുറത്തുനിന്നാണ് വാങ്ങിയതെന്നും നൗഫിയ കൂട്ടിച്ചേർത്തു.
What's Your Reaction?






