ജാമ്യം കിട്ടി ഷൈന്‍ അതിവേഗം കാറിൽ മടക്കം; 22ന് വീണ്ടും ചോദ്യംചെയ്യൽ
ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്.

കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും വിധേയമായ ശേഷമാണ് ഷൈന്‍ പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയതെന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തി. കേസില്‍ പ്രതി ചേര്‍ത്തതായും പോലീസ് അറിയിച്ചു. ഇന്ന് ഷൈന്‍റെ ഒപ്പമിരുത്തി മുര്‍ഷിദിനെ ചോദ്യം ചെയ്തു. ഷൈൻ വീണ്ടും ഏപ്രിൽ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തനിക്ക് 22നാണ് കൂടുതൽ സൗകര്യമെന്നും അന്ന് വരുമെന്നും ഷൈൻ തന്നെ പോലീസിനെ അറിയിച്ചു.
ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി മടങ്ങുകയായിരുന്നു. വിൻസിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്നതാണെന്നും ഷൈൻ പോലീസിനോട് പറഞ്ഞു. വിൻസി കുടുംബ സുഹൃത്താണെന്നും ഷൈൻ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കൂവെന്നും ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്.
What's Your Reaction?






