തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. രാഹുൽ ഈശ്വറിന്‍റെ ജാമ്യഹർജി തള്ളി തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി.
രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
രാഹുലിനെ പൂജപ്പുര ജില്ലാ ജയിലേക്ക് മറ്റും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിനാണ് രാഹുലിനെതിരെ കേസ് എടുത്തത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇതേ കേസിൽ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.