താമരശ്ശേരി ആശുപത്രിയിൽ വെട്ടേറ്റ ഡോ. വിപിൻ ആശുപത്രി വിട്ടു
ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും, അദ്ദേഹത്തോട് തുടർന്നും വിശ്രമം എടുക്കാൻ നിർദേശിച്ചിട്ടുണ്ട്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോക്ടർ പി.ടി. വിപിൻ ആശുപത്രി വിട്ടു. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും, അദ്ദേഹത്തോട് തുടർന്നും വിശ്രമം എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. തലയോട്ടിയുടെ പുറംഭാഗത്താണ് ഡോ. വിപിന് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഡോക്ടർക്കുനേരെ ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരാൾ ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടിയത് എന്ന് ഡോക്ടർ വിപിൻ്റെ കൂടെ കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ കിരൺ പറഞ്ഞു. ആക്രമണകാരി രോഗിയെ പോലെയാണ് ആശുപത്രിയിലേക്ക് വന്നത്. ബാഗിനുള്ളിലായിരുന്ന ആയുധം സുരക്ഷാ ജീവനക്കാർ പോലും ശ്രദ്ധിച്ചിരുന്നില്ല.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുള്ള കുട്ടിയുടെ പിതാവായ സനൂപാണ് ആക്രമണം നടത്തിയത്. കുട്ടിയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. ആശുപത്രി ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവം.
What's Your Reaction?






