ചരിത്രമെഴുതി നമീബിയ: ടി20 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു അസോസിയേറ്റ് രാജ്യത്തോട് ദക്ഷിണാഫ്രിക്ക പരാജയപ്പെടുന്നത് ഇതാദ്യമായാണ്

വിന്‍ഡ്ഹോക്ക്: ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് നമീബിയ. ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് നമീബിയ കീഴടക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി നമീബിയ മറികടന്നു. മത്സരം അവസാന പന്ത് വരെ നീണ്ടപ്പോഴാണ് പ്രോട്ടീസ് തോൽവി സമ്മതിച്ചത്.
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു അസോസിയേറ്റ് രാജ്യത്തോട് ദക്ഷിണാഫ്രിക്ക പരാജയപ്പെടുന്നത് ഇതാദ്യമായാണ്. ടെസ്റ്റ് കളിക്കുന്ന നാലാമത്തെ രാജ്യമാണ് നമീബിയ ടി20 യിൽ പരാജയപ്പെടുത്തുന്നത്. അയർലൻഡ്, സിംബാബ്വെ, ശ്രീലങ്ക എന്നിവയാണ് ഇതിനു മുൻപ് നമീബിയക്ക് മുന്നിൽ വീണ ടെസ്റ്റ് രാജ്യങ്ങൾ.
വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റുചെയ്ത നമീബിയ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും, ആദ്യ വിക്കറ്റ് 22 റൺസിൽ നഷ്ടമായി (ഓപ്പണർ ജാൻ ഫ്രൈലിൻക് 7 റൺസ്). മുൻനിര ബാറ്റർമാരെ നിലയുറപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അനുവദിച്ചില്ല. 7 ഓവറിൽ 51/3 എന്ന നിലയിൽ പതറിയ ടീമിനെ ജെറാർഡ് ഇറാസ്മസ് (21), ജെ.ജെ. സ്മിത്ത് (13), മലൻ ക്രുഗർ (18) എന്നിവരുടെ ഇന്നിങ്‌സുകളാണ് 100 കടത്തിയത്.
എന്നാൽ, നിർണായക ഘട്ടത്തിൽ വിക്കറ്റ് കീപ്പർ സെയിൻ ഗ്രീൻ ടീമിന് ജയപ്രതീക്ഷ നൽകി. 11 റൺസ് വേണ്ടിയിരുന്ന അവസാന ഓവർ എറിഞ്ഞത് ആൻഡിലെ സിമിലേനായിരുന്നു. ആദ്യ പന്ത് തന്നെ സിക്സടിച്ച് ഗ്രീൻ സമ്മർദ്ദം കുറച്ചു. തുടർന്ന്, നാല് പന്തുകളിൽ നിന്ന് നാല് റൺസ് കൂടി നേടിയതോടെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു റൺ മാത്രം. അവസാന പന്ത് ബൗണ്ടറി കടത്തി ഗ്രീൻ നമീബിയക്ക് ചരിത്രജയം സമ്മാനിച്ചു. 23 പന്തിൽ നിന്ന് 30 റൺസെടുത്ത് ഗ്രീൻ പുറത്താവാതെ നിന്നു.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനേ സാധിച്ചുള്ളൂ. താരതമ്യേന ദുർബലരായ നമീബിയക്കെതിരെ സൂപ്പർ താരങ്ങളായ ക്വിന്റൺ ഡി കോക്ക് (1) റീസ ഹെൻഡ്രിക്‌സ് (7) എന്നിവർ നിരാശപ്പെടുത്തി. ലുവാൽ ഡ്രി പ്രിട്ടോറിയസ് (22), റുബിൻ ഹെർമാൻ (23), ജേസൺ സ്മിത്ത് (31) എന്നിവരുടെ പ്രകടനമാണ് പ്രോട്ടീസിനെ 134 റൺസിലെത്തിച്ചത്. നമീബിയക്കായി റൂബൻ ട്രംപൽമാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
What's Your Reaction?






