അണുബാധയുണ്ടായിട്ടും കളിച്ചു, ഇന്ത്യൻ യുവതാരം ആശുപത്രിയിൽ, ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കും
അഭിഷേകിന് പകരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത
ന്യൂഡൽഹി: ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമയെ കടുത്ത അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഎസിനെതിരായ മത്സരത്തിന് പിന്നാലെ താരത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ നമീബിയയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ അഭിഷേക് കളിക്കുന്ന കാര്യം സംശയത്തിലായി.
യു.എസിനെതിരായ മത്സരത്തിന് മുൻപേ വയറിന് അസ്വസ്ഥതകളുണ്ടായിരുന്ന അഭിഷേകിന് മത്സരം കഴിഞ്ഞതോടെ പനി കഠിനമായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് 'ഡ്രിപ്' നൽകിയിരിക്കുകയാണ്.
അഭിഷേകിന് പകരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ന്യൂഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ഇഷാൻ കിഷൻ - സഞ്ജു സാംസൺ സഖ്യം ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. യുഎസ് മത്സരത്തിൽ അഭിഷേകിന് പകരം സഞ്ജു ഫീൽഡിംഗിന് ഇറങ്ങിയിരുന്നു.
അഭിഷേക് ഫിറ്റ്നസ് വീണ്ടെടുക്കാൻ രണ്ട് ദിവസം കൂടി വേണ്ടിവരുമെന്ന് അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ദൊഷാട്ടെ വ്യക്തമാക്കി. ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തും. ബുമ്ര എത്തുന്നതോടെ മുഹമ്മദ് സിറാജ് അല്ലെങ്കിൽ അർഷ്ദീപ് സിംഗ് എന്നിവരിൽ ഒരാൾക്ക് സ്ഥാനം നഷ്ടമാകും.
പരുക്ക് ഭേദമായ സ്പിൻ ബോളിംഗ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടീമിനൊപ്പം ചേർന്നു. ഒക്ടോബർ 15-ന് പാക്കിസ്ഥാനെതിരെ നിർണ്ണായക മത്സരം നടക്കാനിരിക്കെ അഭിഷേക് ശർമയുടെ ഫിറ്റ്നസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. പാക്കിസ്ഥാനെതിരായ ഹൈ-വോൾട്ടേജ് പോരാട്ടത്തിന് മുൻപ് താരം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
What's Your Reaction?

