ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിനും ജാമ്യം
എൻ. വാസുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി 'സ്വാഭാവിക ജാമ്യം' അനുവദിച്ചത്.
എൻ. വാസുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ സാങ്കേതിക പഴുത് ഉപയോഗിച്ചാണ് പ്രതിഭാഗം ജാമ്യം നേടിയത്. കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.
കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
കുറ്റപത്രം വൈകുന്നതോടെ മുൻ പ്രസിഡന്റ് എ. പത്മകുമാറും ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിൽ ഈ മാസം 18-ന് കോടതി വിധി പറയും. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് അനുകൂലമായ സാഹചര്യമാണ് കേസിലുണ്ടാക്കുന്നത്.
What's Your Reaction?

