ദേശീയഗാനത്തിന് മുൻപ് ഇനി വന്ദേ മാതരം; സ്കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലും നിർബന്ധമാക്കി കേന്ദ്ര സർക്കാർ
ദേശീയഗാനത്തിന് മുൻപായി വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണം
ന്യൂഡൽഹി: രാജ്യത്ത് ദേശീയഗാനമായ 'ജനഗണമന' ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇനി മുതൽ ദേശീയ ഗീതമായ 'വന്ദേ മാതരം' കൂടി ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. 2025 ഡിസംബറിലെ പാർലമെന്റ് ശീതകാല സമ്മേളനത്തിലെ ചർച്ചകൾക്ക് പിന്നാലെയാണ് ദേശീയ ഗീതത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ദേശീയഗാനത്തിന് മുൻപായി വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണം. ഇതിനായി 3 മിനിറ്റും 10 സെക്കൻഡും സമയമാണ് നിശ്ചയിച്ചിരിക്കുന്നത്. വന്ദേ മാതരം ആലപിക്കുമ്പോൾ എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണം. എന്നാൽ സിനിമാ പ്രദർശനം, ഡോക്യുമെന്ററി, ന്യൂസ് റീൽ എന്നിവയ്ക്കിടെ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല.
എല്ലാ സ്കൂളുകളിലും പ്രവൃത്തിദിനം തുടങ്ങേണ്ടത് വന്ദേ മാതരം ആലപിച്ചുകൊണ്ടായിരിക്കണം. അസംബ്ലികളിലും ഇത് നിർബന്ധമാക്കി. ത്രിവർണ്ണ പതാക ഉയർത്തുന്ന ചടങ്ങുകൾ, രാഷ്ട്രപതി, ഗവർണർ, ലെഫ്റ്റനന്റ് ഗവർണർ എന്നിവർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ, രാഷ്ട്രപതി റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപും ശേഷവും, മന്ത്രിമാർ പങ്കെടുക്കുന്ന പൊതുപരിപാടികൾ തുടങ്ങിയ സന്ദർഭങ്ങളിൽ വന്ദേ മാതരം ആലപിക്കുന്നത് നിർബന്ധമാണ്. പൊതുചടങ്ങുകളിൽ വന്ദേ മാതരത്തിന്റെ വരികൾ അച്ചടിച്ച രേഖകൾ സദസ്യർക്ക് വിതരണം ചെയ്യണം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ ഗീതം ആലപിക്കാം.
മാതൃരാജ്യത്തോടുള്ള അഭിവാദനമായാണ് വന്ദേ മാതരത്തെ കാണുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ദേശീയ ഗാനത്തിലെ വരികൾ മുൻകാലങ്ങളിൽ വെട്ടിമാറ്റപ്പെട്ടുവെന്ന ഭരണപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് ദേശീയ ഗീതത്തിന് തുല്യ പ്രാധാന്യം നൽകാനുള്ള ഈ നീക്കം.
What's Your Reaction?

