തീപിടിത്തത്തിനിടയിലും തളരാതെ ഡോക്ടര്‍മാരും നഴ്‌സുമാരും;പ്രസവവേദനയ്ക്കിടയിലും പ്രീതിക്ക് തുണയായി മാലാഖമാര്‍
തീപിടിത്തത്തിന്റെ കടുത്ത ആശങ്കകൾക്കിടയിലും ഒരു പുതുജീവനെ സുരക്ഷിതമായി ഭൂമിയിലെത്തിച്ച അതിസാഹസികമായ ഒരു രക്ഷാപ്രവർത്തനത്തിന്റെ കഥയാണിത്. തുറവൂർ താലൂക്കാശുപത്രിയുടെ മുകൾനിലയിൽ തീ പടരുമ്പോൾ, ലേബർ റൂമിൽ പ്രസവവേദനയോടെ കഴിയുകയായിരുന്നു എരമല്ലൂർ സ്വദേശിനി പ്രീതി. മുകളിൽനിന്ന് തീപ്പൊരികളും അവശിഷ്ടങ്ങളും ലേബർ റൂമിന് പരിസരത്തും വീണുകൊണ്ടിരിക്കുന്ന ഭയാനകമായ ആ സാഹചര്യത്തിൽ, ഡോക്ടർ നീന ചന്ദ്രനും സംഘവും എടുത്ത ധീരമായ തീരുമാനം ഒരു വലിയ ദുരന്തം ഒഴിവാക്കി.
വിഷുത്തിരക്കും ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങളും കാരണം റോഡുകളിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കായിരുന്നു. എന്നാൽ ആംബുലൻസ് ഡ്രൈവർ ലിജുവിന്റെ മനക്കരുത്തിൽ, 13 കിലോമീറ്റർ ദൂരമുള്ള ചേർത്തല കിൻഡർ ആശുപത്രിയിലേക്ക് ആംബുലൻസ് ശരവേഗത്തിൽ പാഞ്ഞു. ഡോക്ടറും നഴ്സുമാരായ ലിജി, ഫ്രീഡ, മരിയ മാർട്ടിൻ എന്നിവരും പ്രീതിക്കൊപ്പം ആംബുലൻസിൽ നിലയുറപ്പിച്ചു. ആശുപത്രിയിലെത്തി പത്തു മിനിറ്റിനുള്ളിൽ തന്നെ പ്രീതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അത്യാഹിത ഘട്ടത്തിലെ ഈ സേവനത്തിന് പ്രതിഫലം വാങ്ങാതെ കിൻഡർ ആശുപത്രി അധികൃതരും മാതൃകയായി. ഭീതിയുടെ നിമിഷങ്ങളെ അതിജീവിച്ച് കുഞ്ഞും അമ്മയും സുരക്ഷിതരായിരിക്കുന്നു എന്നത് ആ ദൗത്യത്തിന്റെ വലിയ വിജയമാണ്.
What's Your Reaction?