പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കേസിൽ ഗുരുതര സുരക്ഷാ വീഴ്ച; ആദിത്യവർമയുമായി അടുത്ത ബന്ധമുള്ളവർക്കെതിരെ സംശയം: റിപ്പോർട്ട്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണവും വിലപിടിപ്പുള്ള ആഭരണങ്ങളും കാണാതായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങൾ സ്ഥിരമായി ലംഘിക്കുന്നത് കവടിയാർ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള നിത്യസന്ദർശകരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ആദിത്യവർമയുടെ അടുത്തവരാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഗണപതി വി അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടക്കൽ ഷൈജു, പദ്മേഷ് പരശുരാമൻ, അശോക് എന്നിവരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളത്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിലും പുറത്തേക്കുള്ള നീക്കങ്ങളിലും ആവശ്യമായ സുരക്ഷാ പരിശോധനകൾ പാലിക്കപ്പെടുന്നില്ലെന്നും മെറ്റൽ സ്ക്രീനിംഗ് അടക്കമുള്ള നടപടികൾ പലപ്പോഴും മറികടക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്ഥാനമാനമോ സ്വാധീനമോ നോക്കാതെ എല്ലാവർക്കും ഒരേ രീതിയിലുള്ള സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ വീഴ്ചകൾ തുടരുകയാണെങ്കിൽ കൂടുതൽ ഗുരുതര സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള വജ്രാഭരണമായ ‘വൈരനാമം’ ക്ഷേത്രത്തിൽ നിന്ന് നഷ്ടമായതായും റിപ്പോർട്ടിൽ പറയുന്നു. പോളിഷ് ചെയ്യാനായി ആറുമാസം മുമ്പ് പുറത്തേക്ക് കൊണ്ടുപോയതായാണ് രേഖകളിലുള്ളത്. ഭക്തർ സമർപ്പിച്ച സ്വർണത്തിലും കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവിളക്കും ഇതുവരെ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.
What's Your Reaction?



