കൊടുവള്ളിയിൽ എംഡിഎംഎ വേട്ട; മൂന്നുപേർ പിടിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ മാരക രാസലഹരിയായ എംഡിഎംഎ വിൽപന നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശികളായ ജിസാർ (40), മുഹമ്മദ് ജൈസൽ (34), താമരശ്ശേരി സ്വദേശി ശ്രീനു (27) എന്നിവരെയാണ് 36.20 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ശനിയാഴ്ച രാത്രി വാവാട് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ഏകദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ കാറിലെ ഡ്രൈവർ സീറ്റിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.
പിടിയിലായ മുഹമ്മദ് ജൈസൽ നേരത്തെയും 60 ഗ്രാം എംഡിഎംഎയുമായി പിടിയിലായി ജാമ്യത്തിലിറങ്ങിയയാളാണ്. ജിസാറും മുൻപ് എംഡിഎംഎ കേസിൽ അറസ്റ്റിലായിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന ലഹരി വിതരണക്കാരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവിലെ ഇടനിലക്കാരിലൂടെ ലഹരി എത്തിച്ചിരുന്ന പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
What's Your Reaction?



