ബദിയടുക്കയിൽ കസ്റ്റഡി മർദനമെന്ന് പരാതി; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അജിത്തിന്റെ കുടുംബം

Jul 11, 2026 - 18:51
Jul 11, 2026 - 18:51
 0
ബദിയടുക്കയിൽ കസ്റ്റഡി മർദനമെന്ന് പരാതി; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അജിത്തിന്റെ കുടുംബം

കാസർകോട്: ബദിയടുക്കയിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. അടക്ക മോഷണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത അജിത്തിനെയാണ് യാതൊരു കുറ്റവും തെളിയിക്കാതെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് ഔദ്യോഗിക വാഹനമില്ലാതെയും മഫ്തിയിലുമായാണ് അജിത്തിനെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കേസിന്റെ വിശദാംശങ്ങൾ അറിയിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കളുടെ സാന്നിധ്യത്തിൽ തന്നെ മർദിച്ചെന്നും അവർ പറയുന്നു. തുടർന്ന് സ്റ്റേഷനിലും അജിത്തിനെ ക്രൂരമായി മർദിച്ചെന്നും വസ്ത്രം അഴിപ്പിച്ചശേഷം മർദിച്ചതടക്കമുള്ള ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നു. ഈ സംഭവത്തെ തുടർന്ന് നാട്ടിൽ വലിയ അപമാനമാണ് നേരിട്ടതെന്നും നീതി ലഭിക്കാൻ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും കുടുംബം അറിയിച്ചു.

അടക്ക മോഷണക്കേസിൽ മോഷണം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ അജിത്തിനോട് രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അജിത്തിന് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ യഥാർഥ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി മാത്രമാണ് അജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നും കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow