പ്രിയദർശിനി'യ്ക്ക് പിന്നാലെ വരുമാനം പകുതിയായി; ചാലക്കുടി–മലക്കപ്പാറ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ചു
തൃശ്ശൂര്‍: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിച്ചതിന് പിന്നാലെ വരുമാനം കുത്തനെ കുറഞ്ഞതായി ആരോപിച്ച് ചാലക്കുടി–മലക്കപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് സര്‍വീസ് അവസാനിപ്പിച്ചു. ആറു പതിറ്റാണ്ടിലേറെയായി ഈ റൂട്ടില്‍ ഓടുന്ന 'ചീനിക്കാസ്' ബസാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍വീസ് നിര്‍ത്തിയത്.
പ്രതിദിനം ഏകദേശം 10,000 രൂപ ലഭിച്ചിരുന്ന കളക്ഷന്‍ 5,000 രൂപയിലേക്ക് ഇടിഞ്ഞതോടെ ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകള്‍ പോലും വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ബസ് ഉടമകള്‍ പറയുന്നു. തുടര്‍ന്നാണ് സര്‍വീസ് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
സര്‍വീസ് നിര്‍ത്തുന്നതായി യാത്രക്കാരെ അറിയിക്കാന്‍ ബസിന് മുന്നില്‍ പ്രത്യേക ഫ്‌ളക്‌സ് സ്ഥാപിക്കുകയും ചെയ്തു. വന്യമൃഗങ്ങളും കല്ലും മുള്ളും നിറഞ്ഞ കാനനപാതയിലൂടെ വര്‍ഷങ്ങളായി സുരക്ഷിത യാത്ര ഉറപ്പാക്കിയിരുന്ന സേവനം ഇനി ഉണ്ടാകില്ലെന്നും, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയിലായിരുന്ന സ്വകാര്യ ബസ് മേഖല പ്രിയദര്‍ശിനി പദ്ധതി വന്നതോടെ പൂര്‍ണമായും പ്രതിസന്ധിയിലായെന്നും ഫ്‌ളക്‌സില്‍ പരാമര്‍ശിക്കുന്നു. "ആരോടും പരിഭവമില്ല, പരാതികളില്ല" എന്ന വാചകത്തോടെയാണ് ബസ് ഉടമകള്‍ യാത്രക്കാരോട് വിടപറഞ്ഞത്.
What's Your Reaction?



