സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക 110 കോടി രൂപ പിന്നിട്ടതോടെ, കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി
ഫെബ്രുവരി മാസത്തെ ശമ്പളം വൈകുന്നതിനെത്തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ റഫറൽ ട്രിപ്പുകൾ ഒഴിവാക്കി പ്രതിഷേധ സമരം ആരംഭിച്ചു.

തിരുവനന്തപുരം: സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക 110 കോടി പിന്നിട്ടതോടെ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണം പ്രതിസന്ധിയിൽ. ഫെബ്രുവരി മാസത്തെ ശമ്പളം വൈകുന്നതിനെത്തുടർന്ന് സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ റഫറൽ ട്രിപ്പുകൾ ഒഴിവാക്കി പ്രതിഷേധ സമരം ആരംഭിച്ചു.
ഇതോടെ ഒരാശുപത്രിയിൽ നിന്ന് മറ്റേ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റാനുള്ള റഫറൻസ് ട്രിപ്പുകൾക്ക് സൗജന്യ ആംബുലൻസ് സേവനം ലഭിക്കാത്ത അവസ്ഥയാണ്.
ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളി യൂണിയനുകൾ നടത്തിവന്ന സമരത്തിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ മുതൽ സിഐടിയു യൂണിയനും റഫറൻസ് ട്രിപ്പുകൾ ഒഴിവാക്കിക്കൊണ്ട് സമരം ആരംഭിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കീഴിൽ ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് എന്ന സ്ഥാപനമാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകളുടെ പ്രവർത്തന ചുമതല.
നിലവിൽ 2024 മാർച്ച് മാസം മുതൽ 2025 മാർച്ച് മാസം വരെ നൽകിയ ബില്ലുകളിൽ നിന്നായി ഈ കമ്പനിക്ക് 110 കോടി രൂപയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകാൻ കുടിശ്ശികയുള്ളത് എന്ന് പറയുന്നു. ഇതോടെയാണ് ഫെബ്രുവരി മാസത്തെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയ സാഹചര്യം ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരി മാസം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് 40 കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുവദിച്ചിരുന്നുയെങ്കിലും ഇത് കരാർ കമ്പനിക്ക് നൽകുന്നത്തിലുള്ള കാലതാമസമാണ് ശമ്പള വിതരണത്തിന് പ്രധാന കാരണമായി പറയുന്നത്.
അടിക്കടി ശമ്പള വിതരണത്തിലുള്ള കാലതാമസം കനിവ് 108 ആംബുലൻസ് പദ്ധതിയിൽ ജോലി ചെയ്യുന്ന 1200 ജീവനക്കാരെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
ഫണ്ട് ലഭിച്ചാൽ മാത്രമേ ജീവനകകരുടെ ശമ്പള വിതരണം നടത്താൻ കഴിയു എന്ന നിലപാടിൽ ആണ് കരാർ കമ്പനി എന്നും മനഃപൂർവും ശമ്പളം വൈകിപ്പിച്ച് ജീവനക്കാരെ പ്രതിസന്ധിയിലാക്കി സർക്കാരിനെതിരെ തിരിച്ചുവിട്ട് ഫണ്ട് വാങ്ങാനുള്ള നീക്കമാണ് കാരാർ കമ്പനി നടത്തുന്നത് എന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഇതിനിടയിൽ അടുത്ത അഞ്ചുവർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പിനായി ഏജൻസിയെ കണ്ടെത്താനുള്ള ടെണ്ടർ നടപടികൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?






