നരിവേട്ടയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
ടൊവിനോ തോമസ്സിനു പുറമേ സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു
ടൊവിനോ തോമസ്സിനു പുറമേ സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളായിട്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തേ ടൊവിനോ തോമസ്സിന്റേയും നായിക പ്രിയംവദാ കൃഷ്ണന്റേയും പോസ്റ്റർ സിവിൽ വേഷവിധാനത്തിൽ പുറത്തുവന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും പുറത്തുവിട്ടിരുന്നു.
ഇപ്പോൾ പ്രധാന നടന്മാരുടെ ഒന്നിച്ചുള്ള പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പോലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദിനേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
പൂർണ്ണമായും പോലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗദ്യത്തിൽ ഇവർക്ക് പങ്കെടുക്കേണ്ടി വരുന്നതാണ് ഇതിവൃത്തം. ചിത്രത്തിന്റെ നിർണ്ണായകമായ ഗതിവിഗതികളിൽ ഈ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്.
ഇതിൽ ഏറെ പ്രാധാന്യം നിറഞ്ഞതാണ് വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിന്റേത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം. മനോഹരമായ ഒരു പ്രണയവും ഇതിനോടൊപ്പം കടന്നു വരുന്നു.
പ്രേക്ഷകർക്ക് മനസ്സിൽ ചേർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാണ് വർഗീസ് പീറ്ററും ബഷീർ അഹമ്മദും രഘുറാം കേശവും.
വർഗീസിന്റെ പ്രണയിനി നാൻസി എന്ന കഥാപാത്രത്തെയാണ് പ്രിയംവദാകൃഷ്ണ അവതരിപ്പിക്കുന്നത്. മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ പോസ്റ്ററുകൾ വിട്ടിരിക്കുന്നത്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ സിനിമ നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന നരിവേട്ടയിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും പ്രധാന താരങ്ങളാണ്.
What's Your Reaction?






