മൊസാംബിക്കിലുണ്ടായ ബോട്ട് അപകടം; കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളി, കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ (34) മൃതദേഹം കണ്ടെത്തി. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിങ് ഡയറക്ടർ ജനറൽ അധികൃതർ അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. എം.ടി. സീ ക്വസ്റ്റ് (MT Sea Quest) എന്ന എണ്ണക്കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ കൊണ്ടുപോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുമ്പോൾ ബോട്ടിൽ 21 പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ശ്രീരാഗിൻ്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മലയാളികളുടെ ആശങ്കയേറി. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്ത് (22) അടക്കം അഞ്ച് ഇന്ത്യക്കാർക്കായി തെരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിരുന്നു.
നാല് വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം വീട്ടിൽ നിന്ന് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാല് വയസും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുമക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമാണ് ശ്രീരാഗ്.
വെളിയനാട്ടെ വീട്ടിൽ നിന്ന് നാല് ദിവസം മുൻപാണ് 22കാരനായ ഇന്ദ്രജിത്ത് മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. താൻ ജോലി ചെയ്യുന്ന കപ്പലിൽ കയറാനായി ബെയ്‌റ തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഇന്ദ്രജിത്തിൻ്റെ പിതാവ് സന്തോഷും മൊസാംബിക്കിൽ കപ്പൽ ജീവനക്കാരനാണ്.
What's Your Reaction?






