പേരാമ്പ്ര സംഘര്‍ഷം: ഏഴ് യുഡിഎഫ് പ്രവർത്തകര്‍ അറസ്റ്റില്‍

സ്ഫോടനം നടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പോലീസിന്റെ ഗ്രനേഡോ കണ്ണീർവാതക ഷെല്ലുകളോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലുള്ളതല്ലെന്നും പേരാമ്പ്ര പോലീസ്

Oct 15, 2025 - 11:58
Oct 15, 2025 - 11:59
 0
പേരാമ്പ്ര സംഘര്‍ഷം: ഏഴ് യുഡിഎഫ് പ്രവർത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിൽ അടുത്തിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് യുഡിഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ പ്രകടനത്തിനിടെ പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരാണ് അറസ്റ്റിലായവര്‍. 
സംഘർഷസമയത്ത് പോലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞു എന്ന എൽഡിഎഫ് ആരോപണത്തെ തുടർന്ന് പേരാമ്പ്ര പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

എഫ്ഐആർ പ്രകാരം, ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടകവസ്തു വലിച്ചെറിഞ്ഞതെന്നും പോലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പോലീസിന് നേരെ കുപ്പി എറിയുന്നത് സ്ഥിരീകരിക്കാൻ സാധിച്ചതായി പോലീസ് വ്യക്തമാക്കി. സ്ഫോടനം നടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പോലീസിന്റെ ഗ്രനേഡോ കണ്ണീർവാതക ഷെല്ലുകളോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലുള്ളതല്ലെന്നും പേരാമ്പ്ര പോലീസ് അറിയിച്ചു.

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റിരുന്നു. എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് ലാത്തിച്ചാർജ് നടന്നതെന്ന റൂറൽ എസ്പിയുടെ തുറന്നുപറച്ചിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സംഘർഷമുണ്ടാക്കിയവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് റൂറൽ എസ്പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഏകദേശം എഴുനൂറോളം പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow