വാഷിങ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യ വൻ തീരുവ നൽകുന്നത് തുടരേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പു നൽകിയതായും ട്രംപ് ആവർത്തിച്ചു.
റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്‌നെതിരായ യുദ്ധത്തെ സഹായിക്കുകയാണ് എന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യയുടെ യുഎസും തമ്മിലുള്ള വ്യാപാര ബന്ധം ഉലഞ്ഞതിൽ പിന്നെ യുഎസ് ഇന്ത്യക്കു മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു.