പ്രതീക്ഷകള്‍ക്ക് മങ്ങല്‍? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍
അൽ-നസർ ടീം ഇന്ന് രാത്രിയോടെ ഗോവയിൽ എത്തിച്ചേരും

പനാജി: പോർച്ചുഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി നേരിട്ട് കാണാമെന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. എ.എഫ്.സി. ചാമ്പ്യൻസ് ലീഗ് 2-ൻ്റെ രണ്ടാം പാദ മത്സരത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ-നസർ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെങ്കിലും, റൊണാൾഡോ ടീമിൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. അൽ-നസർ ടീം ഇന്ന് രാത്രിയോടെ ഗോവയിൽ എത്തിച്ചേരും.
എഫ്.സി. ഗോവയും അൽ-നസറും തമ്മിലുള്ള മത്സരം ഈ മാസം 22-ന് നടക്കും. ഗ്രൂപ്പ് ഡി-യിലെ ഈ മത്സരം ഗോവയിലെ ഫട്ടോർദ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. കരിയറിൻ്റെ അവസാന ഘട്ടത്തിൽ നിൽക്കുന്ന റൊണാൾഡോയുടെ കരാറിൽ സൗദി അറേബ്യയിൽ മാത്രം കളിക്കുന്നതിന് അനുമതിയുണ്ട്. ടീമിൻ്റെ വിദേശ യാത്രകളിൽ നിന്ന് വിട്ടുനിൽക്കാൻ താരത്തിന് അനുവാദമുണ്ട്.
40 വയസ്സോടടുക്കുന്ന താരത്തിന് കൂടുതൽ ജോലിഭാരം നൽകേണ്ടതില്ല എന്ന അൽ-നസർ ടീമിന്റെ തീരുമാനവും പിൻമാറ്റത്തിന് കാരണമായി. റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് എഫ്.സി. ഗോവ നിരന്തരമായി അൽ-നസർ ടീമിനോട് ആവശ്യപ്പെട്ടിരുന്നു. താരത്തിൻ്റെ വരവ് ഇന്ത്യൻ ഫുട്ബോളിനും ഗോവൻ ഫുട്ബോളിനും പ്രചോദനമാകുമെന്നും കൂടുതൽ ആരാധകരെ സൃഷ്ടിക്കാൻ കഴിയുമെന്നുമായിരുന്നു ഗോവയുടെ പ്രതീക്ഷ. എന്നാൽ, ഇന്ത്യൻ ക്ലബ്ബിന്റെ ഈ അപേക്ഷ അൽ-നസർ പരിഗണിച്ചില്ല.
What's Your Reaction?






