ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം; കോലിക്കും രോഹിത്തിനും ബി.സി.സി.ഐയുടെ നിര്‍ദേശം

നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇരുവരും ദേശീയ ടീമിനായി കളിക്കുന്നത്

Nov 12, 2025 - 12:45
Nov 12, 2025 - 12:45
 0
ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം; കോലിക്കും രോഹിത്തിനും ബി.സി.സി.ഐയുടെ നിര്‍ദേശം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സീനിയർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബി.സി.സി.ഐ നിർദേശം നൽകി. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇരുവരും ദേശീയ ടീമിനായി കളിക്കുന്നത്.

കായികക്ഷമതയും മത്സര പരിചയവും നിലനിർത്താൻ വേണ്ടിയാണ് താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ നിർദ്ദേശിച്ചതെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന കാര്യം താരങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ബിസിസിഐയുടെ നിർദ്ദേശത്തിന് പിന്നാലെ, വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണെന്ന് രോഹിത് ശർമ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. ഈ വിഷയത്തിൽ വിരാട് കോലി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഇതിനുമുൻപും കോലിയോടും രോഹിത്തിനോടും ബിസിസിഐ സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിൽ തോറ്റതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) നിലപാട് കടുപ്പിച്ചത്. തുടർന്ന് ഇരുവരും ഓരോ ആഭ്യന്തര മത്സരങ്ങളിൽ കളിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് പിന്നാലെയാണ് രോഹിത്തും കോലിയും ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചാണ് ഇരുവരും ഏകദിനത്തിൽ തുടരാൻ തീരുമാനിച്ചത്.

2027-ൽ നടക്കുന്ന ഏകദിന ലോകകപ്പ് സമയത്ത് രോഹിത് ശർമയ്ക്ക് 40 വയസ്സും കോലിക്ക് 38 വയസ്സും പൂർത്തിയാകും. ഏകദിന ഫോർമാറ്റിന് വേണ്ടി മാത്രമായി രണ്ടുവർഷത്തിലേറെക്കാലം ഈ മുതിർന്ന താരങ്ങളെ നിലനിർത്തുന്നത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവും ക്രിക്കറ്റ് വൃത്തങ്ങളിൽ ഉയരുന്നുണ്ട്. 2027 ഏകദിന ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് നടക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow