കെ.സി.എ - എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

ആദ്യം ബാറ്റ് ചെയ്ത എറണാകുളം 19.2 ഓവറിൽ ആറ് വിക്കറ്റിന് 125 റൺസെടുത്ത് നില്ക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് എറണാകുളത്തിൻ്റെ വിജയലക്ഷ്യം അഞ്ചോവറിൽ 44 റൺസായി പുതുക്കി നിശ്ചിച്ചു. 2.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എറണാകുളം ലക്ഷ്യത്തിലെത്തി

Jun 4, 2025 - 23:02
 0  13
കെ.സി.എ - എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

തിരുവനന്തപുരം: കെ.സി.എ - എൻ.എസ്.കെ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ എറണാകുളം ചാമ്പ്യന്മാർ. ഫൈനലിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ഒൻപത് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. മഴയെ തുടർന്ന് വിജെഡി നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത എറണാകുളം 19.2 ഓവറിൽ ആറ് വിക്കറ്റിന് 125 റൺസെടുത്ത് നില്ക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് എറണാകുളത്തിൻ്റെ വിജയലക്ഷ്യം അഞ്ചോവറിൽ 44 റൺസായി പുതുക്കി നിശ്ചിച്ചു. 2.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എറണാകുളം ലക്ഷ്യത്തിലെത്തി.

ഫൈനലിൽ ടോസ് നേടിയ എറണാകുളം കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 14 പന്തുകളിൽ 26 റൺസുമായി ഓപ്പണർ വിനൂപ് മനോഹരൻ കംബൈൻഡ് ഡിസ്ട്രിക്ട്സിന് മികച്ച തുടക്കം നല്കിയെങ്കിലും തുടർന്നെത്തിയവർക്ക് വേഗത നിലനിർത്താനായില്ല. നന്നായി പന്തെറിഞ്ഞ എറണാകുളത്തിൻ്റെ ബൌളർമാർ സ്കോറിങ് ദുഷ്കരമാക്കി. 34 പന്തുകളിൽ 33 റൺസെടുത്ത ക്യാപ്റ്റൻ രോഹൻ നായരാണ് കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ടോപ് സ്കോറർ. മാനവ് കൃഷ്ണ 20ഉം, എബി ബിജു 17ഉം, സഞ്ജീവ് സതീശൻ ഏഴ് പന്തുകളിൽ 14ഉം റൺസെടുത്തു. എറണാകുളത്തിന് വേണ്ടി ആസിഫ് സലിം, വി അജിത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളത്തിന് കെ.ആർ രോഹിതിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് അനായാസ വിജയമൊരുക്കിയത്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ എറണാകുളം വിജയത്തിലെത്തി. പത്ത് പന്തുകളിൽ 39 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. അഞ്ച് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു രോഹിതിൻ്റെ ഇന്നിങ്സ്. രോഹിത് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. 

പല മല്സരങ്ങളിലും നിർണ്ണായക ഇന്നിങ്സുമായി കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ഫൈനൽ പ്രവേശനത്തിൻ നിർണ്ണായക പങ്കു വഹിച്ച പതിനാറുകാരൻ ബാറ്റർ മാനവ് കൃഷ്ണയാണ് ടൂർണ്ണമെൻ്റിലെ പ്രോമിസിങ് യങ്സ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്തിൻ്റെ അഭിഷേക് ജെ നായർ ടൂർണ്ണമെൻ്റിലെ മികച്ച ബാറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്തിൻ്റെ വി അജിത്താണ് മികച്ച ബൌളർ. പല മല്സരങ്ങളിലും ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരേ പോലെ തിളങ്ങിയ തൃശൂരിൻ്റെ എൻ എം ഷറഫുദ്ദീനാണ് പരമ്പരയുടെ താരം.

What's Your Reaction?

like

dislike

love

funny

angry

sad

wow