പനിയും ജലദോഷവും; സഞ്ജു കെ.സി.എല്ലിന്‍റെ ആദ്യദിനം കളിക്കാനെത്തിയത് ആശുപത്രിക്കിടക്കയിൽ നിന്ന്
പനിയും ജലദോഷവുമായി ബുദ്ധിമുട്ടിയ സഞ്ജു വ്യാഴാഴ്ച രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

തിരുവനന്തപുരം: സഞ്ജു സാംസൺ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ ദിനം കളിക്കാനെത്തിയത് ആശുപത്രിക്കിടക്കയിൽ നിന്ന്. പനിയും ജലദോഷവുമായി ബുദ്ധിമുട്ടിയ സഞ്ജു വ്യാഴാഴ്ച രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ ഡ്രിപ് ഉൾപ്പെടെ നൽകി. അവിടെ നിന്നാണ് വൈകിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആദ്യ മത്സരം കളിക്കാൻ സ്റ്റേഡിയത്തിലെത്തിയത്.
കളിയിൽ ഫീൽഡിങ്ങിനിടെ പലതവണ സഞ്ജു ഡ്രസിങ് റൂമിലേക്കു പോയെങ്കിലും വീണ്ടും മടങ്ങിയെത്തുകയും അവസാനം വരെ ഫീൽഡ് ചെയ്യുകയും ചെയ്തു. ചേട്ടൻ സലി സാംസൺ പുറത്താകാതെ നേടിയ അർധ സെഞ്ചറിയോടെ ടീമിനെ വിജയത്തിലെത്തിച്ചതിനാൽ പാഡ് കെട്ടി തയാറായിരുന്ന സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടിയും വന്നില്ല.
മത്സരശേഷം വിശ്രമിച്ച സഞ്ജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചി ബ്ലൂ ടൈഗേഴ്സും ആലപ്പി റിപ്പിൾസും തമ്മിലുള്ള മത്സരത്തിൽ സഞ്ജു കളിക്കും.
What's Your Reaction?






