ബെംഗളൂരു: ധർമ്മസ്ഥല കേസിൽ വൻ വഴിത്തിരിവ്. കർണാടകയിലെ ധർമസ്ഥലയിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം എസ്‌ഐടി തലവന്‍ പ്രണബ് മോഹന്തിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേര്, വിവരങ്ങൾ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.