ലക്നൗ: വിദ്യാർഥിനികൾ ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് അകന്നുനിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്‍റെ 47-ാമത് ബിരുദദാന ചടങ്ങിൽ വച്ചായിരുന്നു ഗവർണറുടെ വിവാദ പരാമർശം.
ലിവ് ഇൻ റിലേഷൻഷിപ്പുകളിൽനിന്ന് പെൺകുട്ടികൾ വിട്ടുനിൽക്കണമെന്നും അല്ലെങ്കിൽ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാമെന്നുമാണ് ആനന്ദിബെൻ പറഞ്ഞത്. ഇത്തരം ബന്ധങ്ങള്‍ കൊടിയ ചൂഷണങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആനന്ദി ബെന്നിന്റെ വാദം.
'ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. ഇത്തരം ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ എന്താണ് സംഭവിക്കുകയെന്ന് വാർത്തകളിലൂടെ കണ്ടിട്ടുണ്ടാകാം. ലിവ് ഇൻ റിലേഷൻഷിപ്പിൽ അകപ്പെട്ടാൽ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഭയത്തോടെ താൻ ചിന്തിക്കാറുണ്ട്'-എന്നാണ് ഗവർണറുടെ പരാമർശം.
ലിവ് ഇൻ പങ്കാളികൾ തമ്മിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ആനന്ദിബെൻ പട്ടേൽ പറഞ്ഞു. ലിവ് ഇൻ റിലേഷൻഷിപ്പ് ബന്ധങ്ങളില്‍ ഇരകളായ പെൺകുട്ടികളെ താൻ നേരിൽ കണ്ടിട്ടുണ്ട്. അവർക്കെല്ലാം അസ്വസ്ഥപ്പെടുത്തുന്ന കഥകളാണ് ഉള്ളതെന്നും ഇത്തരം ബന്ധങ്ങളിലേക്ക് സ്ത്രീകൾ എത്തുന്നത് തടയാൻ അവബോധം വളർത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. ഗവര്‍ണറുടെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയകളില്‍ ഉയരുന്നത്.