കൊച്ചി: ശബരിമല സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം വിജിലൻസ്. ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കേണ്ട സാഹചര്യമെന്ന് ദേവസ്വം വിജിലൻസ് അറിയിച്ചു.
ഭരണ നേതൃത്വത്തിന്റെ വീഴ്ചയും റിപ്പോര്‍ട്ടിലുണ്ട്. തിരുവാഭരണ കമ്മീഷണര്‍ അടക്കം അന്നത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. ചീഫ് വിജിലൻസ് ആന്‍റ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മുദ്രവച്ച് കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാർട്ട് ക്രിയേഷൻസ് സിഇഒ നിർണ്ണായക മൊഴി നല്‍കിയിട്ടുണ്ട്. ചെന്നൈയിൽ എത്തിച്ചത് പുതിയ ചെമ്പ് പാളിയെന്നും കണ്ടെത്തി. ഇതിന് കമ്മീഷൻ കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
മാത്രമല്ല 2019 ല്‍ സ്വര്‍ണം പൂശുന്നതിനായി ചെമ്പല്ല, സ്വര്‍ണപ്പാളികള്‍ തന്നെയാണ് പോറ്റിക്ക് നല്‍കിയതെന്ന് തെളിയിക്കുന്ന മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ മോഷണം നടന്നെന്ന നിഗമനത്തിലാണ് വിജിലന്‍സ്.
അതേസമയം ശബരിമല ശില്പപാളി വിവാദത്തിൽ തിരിമറി നടന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തിരിമറി നടന്നെന്ന് വ്യക്തമെന്ന് കോടതി പറഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചെമ്പുപാളി എന്നെഴുതിയതില്‍ ദൂരുഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വർണ്ണ പാളി ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും എതിരെ കോടതി വിമർശനവും നടത്തി.
മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്ക് വെക്കരുത് എന്ന് നിര്‍ദേശമുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണം. വിഷയത്തില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.