തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പുകവലി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. പിന്നാലെ പെണ്‍കുട്ടികള്‍ ഇയാളോട് മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.ശുചിമുറിക്ക് സമീപം നിന്നാണ് പ്രതി പുകവലിച്ചത്.
തുടർന്നാണ് വാതിലിന്‍റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടിയത്. പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കം 6 വകുപ്പുകളാണ്. ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽനിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.