കപ്പടിച്ചു, പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിന് വേറിട്ട സമ്മാനം പ്രഖ്യാപിച്ച് എസ്.ആര്‍.കെ
ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്തെറിഞ്ഞാണ് ഹർമൻപ്രീത് കൗറും സംഘവും കിരീടം സ്വന്തമാക്കിയത്
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കൊരു 'വനിതാ മുത്തം'. കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിന് ലോകമെമ്പാടു നിന്ന് ആശംസാപ്രവാഹത്തിനൊപ്പം സമ്മാനങ്ങളുടെ പ്രഖ്യാപനവും തുടരുകയാണ്. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്തെറിഞ്ഞാണ് ഹർമൻപ്രീത് കൗറും സംഘവും കിരീടം സ്വന്തമാക്കിയത്.
ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ടീമിന് വൻ സാമ്പത്തിക നേട്ടമാണ് ലഭിച്ചിരിക്കുന്നത്. ഐസിസി സമ്മാനം 40 കോടി രൂപ, ബിസിസിഐ സമ്മാനം 51 കോടി രൂപ. സാമ്പത്തിക പാരിതോഷികങ്ങൾക്ക് പുറമെ, സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരിയുടെ സമ്മാനപ്രഖ്യാപനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്:
ശ്രീ രാമകൃഷ്ണ എക്സ്പോർട്സ് (SRK) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എം.പിയുമായ ഗോവിന്ദ് ധോലാക്കിയ. ടീമിലെ ഓരോ താരത്തിൻ്റെയും അഭിരുചിക്കിണങ്ങിയ വജ്രാഭരണങ്ങൾ, പുറമേ സൗജന്യമായി സോളാർ പാനലും നൽകും.
ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗ്സ് എന്നിവരടക്കമുള്ള ഓരോ താരത്തിനും വേണ്ടി പ്രത്യേകമായി വജ്രാഭരണങ്ങൾ തയ്യാറാക്കും. ഇതിൽ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാൻ അവർക്ക് അവസരമുണ്ടാകും.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ശതകോടി ഇന്ത്യക്കാരുടെ ഹൃദയം കവർന്നുവെന്നും അവരുടെ പോരാട്ടവീര്യവും ആത്മവിശ്വാസവും അച്ചടക്കവും മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഈ ഇന്ത്യൻ ടീമിന് വജ്രത്തേക്കാൾ തിളക്കമാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും തലമുറയ്ക്ക് പ്രോത്സാഹനമാകുന്നതിനാണ് തൻ്റെ സമ്മാനമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?